ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അതിൽ പല പ്രമുഖ താരങ്ങളുടെ അസാന്നിദ്ധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിതിരിച്ചിട്ടുണ്ട്. എന്നാൽ ടി20 ലീഗുകളിലെ പ്രകടനമല്ല ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എന്നാണ് ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍ കൺവീനര്‍ ആയ പാട്രിക് മൊറോണി പറയുന്നത്.
ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗ് ആയ എസ്എടി20 മത്സരങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെ ദക്ഷിണാഫ്രിക്കയുടെ സ്ക്വാഡ് പ്രഖാപിച്ചപ്പോള്‍ റയാന്‍ റിക്കൽടൺ, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവര്‍ക്ക് ടീമിൽ ഇടം ലഭിച്ചില്ലെന്നത് ഏറെ ചര്‍ച്ചയായിരുന്നു.
പ്രസ് കോൺഫറന്‍സിൽ മൊറോണി പറഞ്ഞത് എസ്എടി20യെ താന്‍ ഒരു പ്രാദേശിക ടൂര്‍ണ്ണമെന്റായി തന്നെയാണ് കാണുന്നതെന്നും റയാന്‍ റിക്കൽട്ടണിനെ പോലുള്ള താരങ്ങള്‍ അവിടെ മികവ് പുലര്‍ത്തുമെന്ന് ഉറപ്പാണെന്നും എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളി വേറെ തന്നെയാണെന്നും മൊറോണി പറഞ്ഞു.
എസ്എടി20 മികച്ച ടൂര്‍ണ്ണമെന്റാണെങ്കിലും അത് ദേശീയ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കാവുന്ന ഒന്നാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂര്‍ണ്ണമെന്റിൽ 63 പന്തിൽ നിന്ന് 113 റൺസുമായി തിളങ്ങി നിൽക്കുകയായിരുന്നു റയാന്‍ റിക്കൽട്ടൺ. എന്നാൽ താരത്തിന് അന്താരാഷ്ട്ര മത്സരങ്ങളിൽ അത്രമേൽ ഒരു പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ലെന്നതാണ് സെലക്ടര്‍മാര്‍ പരിഗണിച്ചതെന്ന് വേണം മനസ്സിലാക്കുവാന്‍.









