ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം നായകനായി സഞ്ജു സാംസൺ തിരികെയെത്തും. ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായാകും സഞ്ജു തിരിച്ചെത്തുന്നത്. വിരലിനേറ്റ പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളിൽ, ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി മാത്രമേ സഞ്ജ്യ് കളിച്ചിരുന്നുള്ളൂ.

റിയാൻ പരാഗ് ആണ് ഇതുവരെ ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ രാജസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്. മറുവശത്ത് ആകട്ടെ പഞ്ചാബ് കിങ്സ് ഗംഭീര ഫോമിലാണ്.
മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിച്ച സാംസൺ, തന്റെ പതിവ് റോളിലേക്ക് മടങ്ങുന്നതിന്റെ ആവേശം പ്രകടിപ്പിച്ചു. ധ്രുവ് ജുറലിൽ നിന്ന് വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഏറ്റെടുക്കുമെന്നും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.