ഇന്ന് ഡൽഹിക്കെതിരെ നടക്കുന്ന മത്സരത്തിൻ്റെ ആറാം ഓവറിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടർന്ന് കളം വിടേണ്ടി വന്നു. മികച്ച ഫോമിൽ കളിക്കുകയായിരുന്ന സഞ്ജു ഒരു ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചികിത്സ തേടിയ ശേഷം ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും വേദന സഹിക്കാനാവാതെ വന്നതോടെ അദ്ദേഹം കളം വിടുകയായിരുന്നു.

19 പന്തിൽ 31 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു സഞ്ജു. മൂന്ന് സിക്സറുകളും രണ്ട് ഫോറുകളും അടക്കം ആക്രമണോത്സുകമായ ബാറ്റിംഗാണ് സഞ്ജു കാഴ്ചവെച്ചത്.
സഞ്ജുവിന് വീണ്ടും ബാറ്റ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ടൂർണമെൻ്റിൻ്റെ ആദ്യ മത്സരങ്ങളിൽ താരത്തിന് വിരലിന് പരിക്കേറ്റതിനെ തുടർന്ന് ബാറ്റ് മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ സൈഡ് സ്ട്രെയിൻ ആണ് സഞ്ജുവിന് അനുഭവപ്പെട്ടിരിക്കുന്നത്. പരിക്കിൻ്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
ടീമിന് അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ സഞ്ജു വീണ്ടും കളത്തിലിറങ്ങാൻ സാധ്യതയുള്ളൂ.
ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസ് 5.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റൺസ് എന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്.