സഞ്ജു സാംസൺ തകർത്തു കളിച്ച മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.
ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.
സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.