ഹൈദരാബാദിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് സൂര്യകുമാർ യാദവ്. 47 പന്തിൽ 111 റൺസെടുത്ത സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ ടീം 297/6 എന്ന കൂറ്റൻ സ്കോറാണ് നേടിയത്.

പരമ്പരയ്ക്ക് മുമ്പ് ഗൗതം ഗംഭീർ പറഞ്ഞ കാര്യമാണ് സഞ്ജു നടപ്പിലാക്കിയത് എന്ന് സൂര്യകുമാർ പറഞ്ഞു. “പരമ്പരയ്ക്ക് മുമ്പ് ഗൗതി ഭായ് പറഞ്ഞത്, ടീമിനേക്കാൾ വലുതല്ല ഒന്നും എന്നാണ്, 49-ൽ ആയാലും 99-ൽ ആയാലും പന്ത് സിക്സ് ലൈനിലേക്ക് അടിക്കണം, അതാണ് സഞ്ജു ഇന്ന് ചെയ്തത്” സൂര്യകുമാർ പറഞ്ഞു.
ബാറ്റിങ്ങിൽ സാംസണിൻ്റെ നിസ്വാർത്ഥമായ സമീപനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു, “ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നിസ്വാർത്ഥരായ ക്രിക്കറ്റ് താരങ്ങളെ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സഞ്ജു സ്വതന്ത്രമായി കളിച്ചു, വലിയ സ്കോർ നേടുന്നതിന് ഞങ്ങളെ സഹായിച്ചു.” ക്യാപ്റ്റൻ പറഞ്ഞു.