ബംഗ്ലാദേശിന് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ഇന്ന് മികച്ച ബൗളിംഗ് കാഴ്ചവെച്ച ഇന്ത്യ ബംഗ്ലാദേശിനെ 127 റൺസിൽ ഓളൗട്ട് ആക്കിയിരുന്നു. ഈ ലക്ഷ്യം ഇന്ത്യ 14 ഓവറിലേക്ക് മറികടന്നു. ഇന്ത്യക്ക് ആയി സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്.
7 പന്തിൽ നിന്ന് 16 റൺസ് നേടിയ അഭിഷേക് ശർമ്മ റണ്ണൗട്ട് ആയി. എന്നാൽ പിന്നാലെ വന്ന ക്യാപ്റ്റൻ സൂര്യകുമാർ ആക്രമണം തുടർന്നു. 14 പന്തിൽ 29 അടിക്കാൻ സൂര്യകുമാറിനായി. 3 സിക്സും 2 ഫോറും സൂര്യകുമാർ അടിച്ചു.
സൂര്യകുമാർ പുറത്തായ ശേഷം സഞ്ജു ആക്രമണ ചുമതലയേറ്റെടുത്തു. ഇന്ത്യ പവർ പ്ലേയിൽ 71 റൺസ് ആകെ അടിച്ചു. സഞ്ജു സാംസൺ 19 പന്തിൽ 29 റൺസ് എടുത്ത് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. ഒരു കൂറ്റൻ ഷോട്ടിന് കളിക്കവെ ആണ് സഞ്ജു ഔട്ടായത്. പിന്നെ ഹാർദികിന്റെ വെടിക്കെട്ടാണ് കണ്ടത്. ഹാർദിക് 16 പന്തിൽ 39 അടിച്ച് 13.5 ഓവറിലൃക്ക് ഇന്ത്യയെ ജയത്തിൽ എത്തിച്ചു.
ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് അർഷ്ദീപ് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. തന്റെ ആദ്യ 2 ഓവറിൽ 2 വിക്കറ്റ് വീഴ്ത്താൻ അർഷ്ദീപിനായി.
8 റൺസ് എടുത്ത പർവേസ് ഹുസൈനെയും 4 റൺസ് എടുത്ത ലിറ്റൺ ദാസിനെയും അർഷദീപ് പുറത്താക്കി. 12 റൺസ് എടുത്ത ഹൃദോയ്, 8 റൺസ് എടുത്ത ജാകിർ അലി എന്നിവരെ പുറത്താക്കി വരുൺ ചക്രവർത്തി ബംഗ്ലാദേശിന്റെ മുന്നേറ്റം തടഞ്ഞു. അരങ്ങേറ്റക്കാരൻ മായങ്ക് യാദവ് മഹ്മുദുള്ളയെ (1) പുറത്താക്കി തന്റെ ആദ്യ ഇന്റർനാഷണൽ വിക്കറ്റ് സ്വന്തമാക്കി.
27 റൺസ് എടുത്ത ഷാന്റോയെ വാഷിങ്ടൻ സുന്ദർ ആണ് പുറത്താക്കിയത്. 11 റൺസ് എടുത്ത റിഷാദ് ഹൊസൈനെ കൂടെ പുറത്താക്കി കൊണ്ട് വരുൺ ചക്രവർത്തി 3/31 എന്ന രീതിയിൽ തന്റെ സ്പെൽ പൂർത്തിയാക്കി. ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് ആയി ഒരു വിക്കറ്റ് വീഴ്ത്തി. 35 റൺസുമായി മെഹ്ദി ഹസൻ മിറാസ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി.