ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ സെലക്ഷൻ ടീമിന് സഞ്ജുവിന്റെ കാര്യത്തിൽ എന്തു ചെയ്യണം എന്ന് വ്യക്തതയില്ല എന്ന് ചോപ്ര പറഞ്ഞു. യുവതാരങ്ങൾക്ക് തുടർച്ച നൽകാനും ഇന്ത്യക്ക് ആകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
“പ്രധാന ടീം കളിക്കാർ രണ്ട് ലോകകപ്പുകൾക്കിടയിൽ കളിക്കുന്നില്ലെന്ന് നിങ്ങൾ പലപ്പോഴും കാണുന്നതാണ്. അവർക്ക് പകരം ചില ചെറുപ്പക്കാർ കളിക്കുന്നു, അവൻ നന്നായി കളിച്ചാലും സീനിയർ കളിക്കാരൻ തിരികെ വരുമ്പോൾ സീനിയർ താരങ്ങൾ കളിക്കുകയും, യുവതാരം ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഇത് ശരിയാണോ? ” ചോപ്ര ചോദിക്കുന്നു.
“മാറ്റം സംഭവിക്കുമ്പോൾ – ഒരു പുതിയ കോച്ച്, ഒരു പുതിയ ക്യാപ്റ്റൻ, അല്ലെങ്കിൽ ഒരു പുതിയ സെലക്ഷൻ കമ്മിറ്റി വരുമ്പോൾ – ചില സമയങ്ങളിൽ ഒരു തുടർച്ച ഉണ്ടാകുന്നില്ല. സഞ്ജു സാംസണിൻ്റെ കാര്യത്തിൽ ആ വിടവ് ഉണ്ടായി. അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് ഇത്. കഴിഞ്ഞ തവണ കളിച്ചപ്പോൾ സെഞ്ച്വറി നേടിയ താരം, എന്തുകൊണ്ടാണ് ഇപ്പോൾ ടീമിൻ്റെ ഭാഗമാകാത്തത്?” അദ്ദേഹം കൂട്ടിച്ചേർത്തു.