ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗംഭീറിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ. ഗംഭീറിൻ്റെ പെരുമാറ്റത്തെ മഞ്ജരേക്കർ വിമർശിച്ചു.

“വാർത്താസമ്മേളനത്തിൽ ഗംഭീറിന്റെ പ്രതികരണങ്ങൾ കണ്ടു. അത്തരം ചുമതലകളിൽ നിന്ന് അവനെ മാറ്റിനിർത്തുന്നതാകും ബിസിസിഐക്ക് ബുദ്ധി, അവൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കട്ടെ. മാധ്യമങ്ങളോട് ഇടപഴകുമ്പോൾ ശരിയായി എങ്ങനെ പെരുമാറണമെന്നോ വാക്കുകൾ ഏത് ഉപയോഗിക്കണമെന്നോ ഗംഭീറിന് അറിയില്ല.” മഞ്ജരേക്കർ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ തോൽവിയും ഷാർദുൽ താക്കൂറിന് പകരം നിതീഷ് റെഡ്ഡിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനവും ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് ഗംഭീർ മറുപടി നൽകിയിരുന്നു. റിക്കി പോണ്ടിംഗിൻ്റെ വിമർശനങ്ങൾക്കെതിരെ വിരാട് കോഹ്‌ലിയെ പ്രതിരോധിക്കുകയും ചെയ്തു
രോഹിത് ശർമ്മ, അജിത് അഗാർക്കർ എന്നിവരെപ്പോലുള്ള ആൾക്കാർ ആണ് മാധ്യമങ്ങളെ നേരിടുന്നതിൽ അനുയോജ്യർ എന്ന് മഞ്ജരേക്കർ പറഞ്ഞു.