എം.സി.സി പ്രസിഡന്റായി സംഗക്കാര ഒരു വർഷം കൂടി തുടരും

Staff Reporter

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര മേരിലബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി ഒരു വർഷം കൂടി തുടരും. ഒരു വർഷം കാലാവധിയുള്ള പ്രസിഡണ്ട് സ്ഥാനം സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഒരു വർഷം കൂടി സംഗക്കാരയെ പ്രസിഡന്റായി നിലനിർത്താൻ തീരുമാനിച്ചത്. ലോകത്താകമാനം പടരുന്ന കൊറോണ വൈറസ് ബാധയാണ് ഒരു വർഷം കൂടി സംഗക്കാരക്ക് അവസരം നൽകാൻ ക്ലബ് തീരുമാനിച്ചത്.

ജൂൺ 24ന് നടക്കുന്ന വാർഷിക ജനറൽ മീറ്റിംഗിൽ സംഗക്കാരയെ പ്രസിഡന്റായി നിലനിർത്താനുള്ള നിയമത്തിന് അംഗീകാരം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. 2019 ഒക്ടോബർ 1നാണ് മേരിലബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി സംഗക്കാര തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റാവുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു സംഗക്കാര. കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂലൈ 1 വരെ ഇംഗ്ലണ്ടിൽ മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവെച്ചിരുന്നു.