സനത് ജയസൂര്യയെ ദേശീയ ടീമിൻ്റെ ഇടക്കാല ഹെഡ് കോച്ചായി നിയമിച്ചതായി ശ്രീലങ്ക പ്രഖ്യാപിച്ചു. 2024 സെപ്റ്റംബറിൽ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നതുവരെ അദ്ദേഹം ടീമിന്റെ പരിശീലകൻ ആയി പ്രവർത്തിക്കും എന്ന് ശ്രീലങ്ക അറിയിച്ചു. ലോകകപ്പിലെയും സമീപകാലത്തെയും മോശം പ്രകടനങ്ങളിൽ നിന്ന് ശ്രീലങ്കയെ കരകയറ്റുക എന്ന ദൗത്യം ആകും ജയസൂര്യക്ക് മുന്നിൽ ഉള്ളത്.
ജയസൂര്യ നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ മുഴുവൻ സമയ ‘ക്രിക്കറ്റ് കൺസൾട്ടൻ്റായി’ പ്രവർത്തിക്കുക ആയിരുന്നു. അതിനൊടൊപ്പം ആണ് ഈ പുതിയ ചുമതല. അദ്ദേഹത്തിൻ്റെ പുതിയ നിയമനം ഉടൻ പ്രാബല്യത്തിൽ വരും. ഇന്ത്യയുമാായി വരാൻ ഇരിക്കുന്ന പരമ്പരയിലും ജയസൂര്യ ആകും കോച്ച്.
“ഞങ്ങൾ ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നത് വരെ ദേശീയ ടീമിനെ സനത് ജയസൂര്യ നയിക്കും. അദ്ദേഹത്തിന് മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് അനുഭവപരിചയമുണ്ട്,” ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ശ്രീ ആഷ്ലി ഡി സിൽവ പറഞ്ഞു.