ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം ഡേവിഡ് വാർണർ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഓപ്പണറായി വാർണർ മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് 36 കാരനായ ബാറ്റർ ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ വാർണർ 93 പന്തിൽ 12 ഫോറും മൂന്ന് സിക്‌സും സഹിതം 106 റൺസ് അടിച്ചുകൂട്ടി.
വാർണറുടെ 46-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്, ഒരു ഓപ്പണറുടെ ഏറ്റവും കൂടുതൽ സെഞ്ച്വറി. ഏകദിനത്തിൽ 20 സെഞ്ചുറികളും ടെസ്റ്റിൽ 25 സെഞ്ചുറികളും ടി20യിൽ ഒരു സെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഓപ്പണറായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 45 സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്ക്കോർഡ് ഇതോടെ പഴങ്കഥയായി.
ഡേവിഡ് വാർണർ ഈ സെഞ്ച്വറിയോടൊപ്പം ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനൊപ്പം ഇപ്പോൾ കളിക്കുന്ന കളിക്കാരിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ രണ്ടാമത്തെ താരമായി. ഇരു താരങ്ങൾക്കും 46 അന്താരാഷ്ട്ര സെഞ്ചുറികളുണ്ട്. മൊത്തം 76 അന്താരാഷ്ട്ര സെഞ്ചുറികളുള്ള സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയാണ് ഇപ്പോൾ കളിക്കുന്നവരിൽ സെഞ്ച്വറിയുടെ കാര്യത്തിൽ ഒന്നാമത്.