ഇന്ത്യൻ ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കർക്കും വീരേന്ദർ സേവാഗിനുമൊപ്പം അപൂർവ്വ റെക്കോർഡുമായെത്താൻ ഹിറ്റ്മാൻ രോഹിത്ത് ശർമ്മക്ക് സാധിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട ശതകം നേടുന്ന താരങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലേക്കാണ് രോഹിത്ത് ഇന്നെത്തിയത്. സച്ചിനും സേവാഗിനും പുറമേ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാം ഇന്ത്യൻ താരമായി മാറി രോഹിത്ത് ശർമ്മ.
ലോകക്രിക്കറ്റിൽ നാലാമത്തെ താരവുമായി രോഹിത്ത്. ക്രിസ് ഗെയ്ലാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. സിക്സറിലൂടെ ഇരട്ട ശതകം തികച്ച രോഹിത്ത് ശർമ്മ 212 റൺസ് എടുത്ത റബാഡക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു. 1996/97 സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 388 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.