“വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ”

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കാളും മികച്ച ഏകദിന ബാറ്റ്സ്മാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്രിക്കറ്റിൽ വന്ന മാറ്റങ്ങളും കൂടുതൽ കാലം ക്രിക്കറ്റ് കളിച്ചതും സച്ചിനെ വിരാട് കോഹ്‌ലിയെക്കാൾ മികച്ച താരമാക്കുന്നുവെന്നും ഗംഭീർ പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കർ കളിച്ചിരുന്ന കാലഘട്ടത്തിൽ ഏകദിനത്തിൽ ഫീൽഡർമാരുടെ നിയമങ്ങൾ ബാറ്റ്സ്മാൻമാർക്ക് അനുകൂലമായിരുന്നില്ലെന്നും ഗംഭീർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബാറ്റ്സ്മാൻമാരെ കൂടുതൽ സഹായിക്കുന്ന നിയമങ്ങളാണ് ക്രിക്കറ്റിൽ ഉള്ളതെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ ഗംഭീർ പറഞ്ഞു. പല നിയമത്തിന് കീഴിലും സച്ചിൻ ടെണ്ടുൽക്കർ കളിച്ചിട്ടുണ്ടെന്നും 230-240 റൺസ് എടുത്താൽ  മത്സരം ജയിക്കാവുന്ന കാലത്തും സച്ചിൻ കളിച്ചിട്ടുണ്ടെന്നും ഗംഭീർ ഓർമിപ്പിച്ചു.

ഇന്റർനാഷണൽ ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടിയ ഏക താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഏകദിനത്തിൽ 49 സെഞ്ചുറികളും ടെസ്റ്റിൽ 51 സെഞ്ചുറികളും സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ട്. ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി 463 മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കർ 18,426 റൺസും നേടിയിട്ടുണ്ട്.