നാളെ രഞ്ജി ഫൈനൽ കളിക്കാൻ ഇറങ്ങുന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി ടീമിന്റെ ഇതുവരെ ഉള്ള പ്രകടനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു. സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല എന്നും ഇനി ഫൈനലിൽ ടീമിന്റെ ബെസ്റ്റ് നൽകുക ആണ് എല്ലാവരുടെയും ലക്ഷ്യം എന്നും മത്സരത്തിന് മുന്നോടിയായി സച്ചിൻ ബേബി മാധ്യമങ്ങളോടായി പറഞ്ഞു.

നാളെ നാഗ്പൂരിൽ വെച്ച് നടക്കുന്ന ഫൈനലിൽ വിദർഭയെ ആണ് കേരളം നേരിടുന്നത്. ക്വാർട്ടറിൽ 1 റണ്ണിന്റെ ലീഡും സെമിയിൽ 2 റണ്ണിന്റെ ലീഡും സഹായിച്ചത് പോലെ ഫൈനലിൽ ചിലപ്പോൾ 3 റൺ ആകാം നിർണായകമാവുക എന്നും രസമായി സച്ചിൻ ബേബി പറഞ്ഞു.
ടീമിന് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിന് ഭാഗ്യം ഫാക്ടർ ആകുന്നത് നമ്മൾ പരിശ്രമിക്കുമ്പോൾ മാത്രമാണെന്ന് സച്ചിൻ പറഞ്ഞു. ടീം ഇതുവരെ എല്ലാ മത്സരങ്ങളിലും എല്ലാം നൽകിയിട്ടുണ്ട്. അങ്ങനെ കളിക്കുമ്പോൾ ആണ് ഭാഗ്യവും തങ്ങളുടെ ഒപ്പം നിൽക്കുന്നത് എന്ന് ബേബി പറയുന്നു. മുമ്പ് റൺറേറ്റിൽ കേരളം യോഗ്യത നേടാതിരുന്നിട്ടുണ്ട് എന്നും അന്ന് ഭാഗ്യം നമ്മുടെ കൂടെ ഇല്ലായിരുന്നു എന്നും സച്ചിൻ പറഞ്ഞു.