Glennmaxwell

മാക്സ്വെൽ ഷോ!!!! 48 പന്തിൽ 104 റൺസ് നേടി ഇന്ത്യയെ വീഴ്ത്തി മാക്സ്വെൽ മാജിക്

ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിൽ അടി പതറി ഇന്ത്യ . ഇന്ത്യ ഉയര്‍ത്തിയ 222/3 എന്ന സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന പന്തിൽ വിജയം നേടുവാന്‍ ടീമിനായി. 104 റൺസ് നേടിയ മാക്സ്വെല്ലിനൊപ്പം 28 റൺസ് നേടിയ മാത്യു വെയിഡും നിര്‍ണ്ണായക ഇന്നിംഗ്സാണ് കളിച്ചത്. 134/5 എന്ന നിലയിൽ നിന്ന് 91 റൺസാണ് മാക്സ്വെൽ – വെയിഡ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി നേടിയത്.   ടോപ് ഓര്‍ഡറിൽ 18 പന്തിൽ 35 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

അവസാന രണ്ടോവറിൽ 43 റൺസായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. 19ാം ഓവറിൽ മാക്സ്വെല്ലും മാത്യു വെയിഡും 22 റൺസ് നേടിയതോടെ ലക്ഷ്യം അവസാന ഓവറിൽ 21 റൺസായി മാറി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മാത്യു വെയിഡ് ബൗണ്ടറി നേടിയപ്പോള്‍ മൂന്നാം പന്തിൽ സിക്സര്‍ പറത്തി മാക്സ്വെല്ലും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമാക്കി.

ഓവറിലെ നാലാം പന്തിലും ബൗണ്ടറി പിറന്നതോടെ ലക്ഷ്യം രണ്ട് പന്തിൽ 6 റൺസായി മാറി. ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടി 47 പന്തിൽ നിന്ന് തന്റെ ശതകം തികച്ച മാക്സ്വെൽ അവസാന പന്തിൽ ബൗണ്ടറി നേടി ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് വിജയം സാധ്യമാക്കി. ഇതോടെ പരമ്പരയിലെ ആദ്യ ജയം ഓസ്ട്രേലിയ സ്വന്തമാക്കി.

Exit mobile version