വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്. ഏറെ നാള്‍ക്ക് ശേഷം (2 വര്‍ഷത്തിന്) ടീമിലേക്ക് മടങ്ങിയെത്തിയ ആന്‍ഡ്രേ റസ്സലിന്റെ ഓള്‍റൗണ്ട് മികവാണ് വിന്‍ഡീസ് വിജയത്തിൽ ശ്രദ്ധേയമായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.3 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വെസ്റ്റിന്‍ഡീസ് 18.1 ഓവറിൽ 4 വിക്കറ്റ് അവശേഷിക്കെ വിജയം ഉറപ്പിച്ചു.
ഫിൽ സാള്‍ട്ട്(20 പന്തിൽ 40), ജോസ് ബട്‍ലര്‍(39) എന്നിവര്‍ക്കൊപ്പം 27 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ആണ് ഇംഗ്ലണ്ട് ബാറ്റിംഗിലെ പ്രധാന സംഭാവകര്‍. ആന്‍ഡ്രേ റസ്സൽ 4 ഓവറിൽ വെറും 19 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ വിന്‍ഡീസിനായി തിളങ്ങിയപ്പോള്‍ അൽസാരി ജോസഫും മൂന്ന് വിക്കറ്റ് നേടി. താരം 3.3 ഓവറിൽ 54 റൺസ് ആണ് വഴങ്ങിയത്.
വെസ്റ്റിന്‍ഡീസിനായി റോവ്മന്‍ പവൽ – ആന്‍ഡ്രേ റസ്സൽ കൂട്ടുകെട്ട് പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പവൽ 15 പന്തിൽ 31 റൺസ് നേടിയപ്പോള്‍ റസ്സൽ 14 പന്തിൽ 29 റൺസ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ടോപ് ഓര്‍ഡറിൽ കൈൽ മയേഴ്സ്(35), ഷായി ഹോപ്(36) എന്നിവരും വിജയികള്‍ക്കായി തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി റെഹാന്‍ അഹമ്മദ് മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടി.