കളിക്കാൻ ഇറങ്ങുന്നത് ടീമിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയെന്ന് രോഹിത് ശർമ്മ

Staff Reporter

താൻ കളിക്കുന്നത്‌ ടീമിന് വേണ്ടിയല്ല മറിച്ച് രാജ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് ഇന്ത്യൻ താരം രോഹിത് ശർമ്മ. ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നതിനിടയിലാണ് രോഹിത് ശർമ്മ ടീമിന് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്ന പ്രഖ്യാപനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

വെസ്റ്റിൻഡീസ് പരമ്പരക്ക് പുറപ്പെടുന്നതിന് മുൻപ് ടീമിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും പറഞ്ഞിരുന്നു. പത്രസമ്മേളനത്തിടെ ടീമിനെക്കാൾ ഒരു വ്യക്തിയും വലുതല്ലെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. രോഹിതും താനും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും എല്ലാം ഒരു കൂട്ടം ആൾക്കാർ പടച്ചുണ്ടാക്കുന്നതാണെന്നും കോഹ്‌ലി പറഞ്ഞിരുന്നു.