സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ഒഴിവാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
67 ടെസ്റ്റുകൾ കളിച്ചിട്ടുള്ള രോഹിത് ഈ പരമ്പരയിൽ തീർത്തും ഫോം ഔട്ട് ആയിരുന്നു. ഇതാണ് താരത്തെ മാറ്റി നിർത്താനുള്ള തീരുമാനത്തിലേക്ക് ടീമിനെ എത്തിക്കുന്നത്. രോഹിത് കളിക്കാത്ത ആദ്യ ടെസ്റ്റിൽ ബുമ്ര ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആ ടെസ്റ്റ് മാത്രമാണ് ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ചത്.
രോഹിത്തിന് പകരം ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്തെത്താൻ സാധ്യതയുണ്ട്, കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാസ്റ്റ് ബൗളർ ആകാശ് ദീപ് നടുവേദനയെ തുടർന്ന് പുറത്തായിരിക്കും. പകരം പ്രസിദ് കൃഷ്ണയോ ഹർഷിത് റാണയോ ടീമിൽ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.