മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ എംഎസ് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്ററെ കുറ്റപ്പെടുത്താനാവില്ലെന്ന് ഉത്തപ്പ പറഞ്ഞു.

ഏപ്രിൽ 8 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനോടേറ്റ തോൽവിയോടെ സിഎസ്‌കെ ഈ സീസണിലെ നാലാം തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്. ഈ സീസണിൽ കൂടുതലും 8 അല്ലെങ്കിൽ 9 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണിയെ പഞ്ചാബിനെതിരെ 5-ാം സ്ഥാനത്താണ് ഇറക്കിയത്.
12 പന്തിൽ 27 റൺസ് നേടിയെങ്കിലും സിഎസ്‌കെ ലക്ഷ്യത്തിന് അടുത്തെത്തിയില്ല. എന്നാൽ ധോണിയാണ് സിഎസ്‌കെയുടെ മോശം ഫോമിന് കാരണമെന്ന വാദത്തെ ഉത്തപ്പ തള്ളി.
“എംഎസ് ധോണിയുടെ ഭാഗത്ത് നിന്ന് ഒരു താൽപ്പര്യക്കുറവുണ്ടായതായി ഞാൻ കരുതുന്നില്ല,” ഉത്തപ്പ സംപ്രേക്ഷണത്തിൽ പറഞ്ഞു. “ഐപിഎല്ലിന് പുറത്തും, സിഎസ്‌കെ പുനർനിർമ്മാണം നടത്തുമ്പോൾ അദ്ദേഹം മറ്റുള്ളവർക്ക് ഉത്തരവാദിത്തം കൈമാറുകയും അവർക്ക് വ്യക്തത നൽകുകയും ചെയ്തിട്ടുണ്ട്. ആ പരിവർത്തനം നടക്കുകയാണ്. എംഎസ് ഉയർന്ന സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പ്രശ്നം അദ്ദേഹത്തിലാണെന്ന് ഞാൻ കരുതുന്നില്ല.” – ഉത്തപ്പ പറഞ്ഞു.