ഇന്ത്യൻ ഓൾറൗണ്ടർ ഋഷി ധവാൻ പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ആണ് അദ്ദേഹം വിരാമമിട്ടത്. 2016ൽ ഇന്ത്യയ്‌ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ടി20യും കളിച്ച 34-കാരൻ വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആണ് ഈ വാർത്ത പങ്കിട്ടത്.
എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസൺ ഉൾപ്പെടെയുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നത് അദ്ദേഹം തുടരും.
ബിസിസിഐ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ), ഐപിഎൽ ഫ്രാഞ്ചൈസികളായ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ പിന്തുണയ്‌ക്ക് ധവാൻ നന്ദി അറിയിച്ചു.
ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ആയ ധവാൻ 134 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 2906 റൺസും 186 വിക്കറ്റും നേടി, 2021-22 സീസണിൽ ഹിമാചലിൻ്റെ കന്നി വിജയ് ഹസാരെ ട്രോഫി കിരീടത്തിന് വലിയ സംഭാവന നൽകിയിരുന്നു. ആ സീസണിൽ 458 റൺസും 17 വിക്കറ്റും താരം നേടിയിരുന്നു.
ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിച്ച ധവാൻ 39 മത്സരങ്ങളിൽ നിന്ന് 210 റൺസ് നേടിയപ്പോൾ 25 വിക്കറ്റും വീഴ്ത്തി.