ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ലോകകപ്പും കഴിഞ്ഞ് മാത്രം

Sports Correspondent

വാഹനാപകടത്തിൽ പരിക്കേറ്റ് സുഖം പ്രാപിച്ച് വരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് പന്ത് 2023 ലോകകപ്പും കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷം മാത്രമേ ക്രിക്കറ്റിലേക്ക് മടങ്ങി വരികയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

കുറഞ്ഞത് ജനുവരി 2024ല്‍ എങ്കിലും മാത്രമേ താരത്തിന് വീണ്ടും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. അതിനാൽ തന്നെ സെപ്റ്റംബറിലെ ഏഷ്യ കപ്പും ഒക്ടോബര്‍ നവംബറിലെ ലോകകപ്പും താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി.

പന്ത് ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരങ്ങള്‍ ക്രച്ചസിന്റെ സഹായത്തോടെ കാണുവാന്‍ എത്തിയിരുന്നു. സഹായം ഇല്ലാതെ താരത്തിന് നടന്ന് തുടങ്ങുവാന്‍ ഇനിയും ഏതാനും ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

താരം വളരെ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ഫിറ്റ് ആകുവാന്‍ ഏഴ് മുതൽ എട്ട് മാസം വരെ സമയം എടുക്കുമെന്നും കീപ്പിംഗ് ദൗത്യം ചെയ്ത് തുടങ്ങുവാന്‍ അതിലും കൂടുതൽ സമയം എടുക്കുമെന്നാണ് അറിയുന്നത്.