2024 ഒക്‌ടോബർ 24 മുതൽ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ കളിക്കാൻ ഋഷഭ് പന്ത് ഫിറ്റ് ആണെന്ന് റിപ്പോർട്ടുകൾ. ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെ പന്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.

2022-ലെ വാഹനാപകടത്തെത്തുടർന്ന് പരിക്ക് കാരണം ഏറെ കാലം പന്ത് പുറത്തായിരുന്നു. അന്ന് പന്തിന്റെ മുട്ടിൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മുട്ടിന് വീണ്ടും പരിക്കേറ്റത് വലിയ ആശങ്ക ഉയർത്തിയിരുന്നു.
പരിക്ക് വകവയ്ക്കാതെ, രണ്ടാം ഇന്നിംഗ്സിൽ പന്ത് ബാറ്റ് ചെയ്തിരുന്നു, 99 റൺസ് നേടിയെങ്കിലും ഇടക്ക് പരിക്ക് കാരണം പന്ത് മുടന്തുന്നതായി കാണാമായിരുന്നു.