വനിതാ പ്രീമിയർ ലീഗ് 2026-ൽ ഗുജറാത്ത് ജയന്റ്‌സിനെ 61 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേഓഫ് യോഗ്യത ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 117 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ അഞ്ചാം വിജയത്തോടെ ടൂർണമെന്റിൽ തോൽവി അറിയാത്ത കുതിപ്പ് തുടരുന്ന ആർസിബി, ഇത്തവണ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി മാറി.

തുടക്കത്തിൽ 9 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറിയ ആർസിബിയെ ഗൗതമി നായിക്കിന്റെ അർദ്ധസെഞ്ച്വറിയാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
സ്മൃതി മന്ദാനയ്‌ക്കൊപ്പം 60 റൺസിന്റെയും റിച്ച ഘോഷിനൊപ്പം 69 റൺസിന്റെയും നിർണ്ണായക കൂട്ടുകെട്ടുകൾ നായിക് പടുത്തുയർത്തി. 20 പന്തിൽ നിന്ന് മൂന്ന് സിക്സറുകളടക്കം 27 റൺസെടുത്ത റിച്ച ഘോഷിന്റെ പ്രകടനവും ടീം സ്കോർ ഉയർത്തുന്നതിൽ സഹായിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. 43 പന്തിൽ 54 റൺസെടുത്ത ആഷ്‌ലി ഗാർഡ്നർ പൊരുതി നോക്കിയെങ്കിലും സായലി സത്ഗാരെ (3/21), നദിൻ ഡി ക്ലർക്ക് (2/17) എന്നിവരുടെ ബൗളിംഗ് പ്രകടനം ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചു. മികച്ച ഫോമിലുള്ള ആർസിബി ഇത്തവണ കിരീടസാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിലാണ്.









