ഐപിഎല്ലിൽ നിന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിൻ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) കളിച്ചേക്കും. 38-കാരനായ ഈ ഓഫ് സ്പിന്നറെ ക്രിക്കറ്റ് ഓസ്ട്രേലിയ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. മെൽബണിലായിരിക്കും അശ്വിൻ കളിക്കാൻ സാധ്യത. ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബെർഗ് ഈ വാർത്തയോട് ആവേശം പ്രകടിപ്പിച്ചു.

“അശ്വിനെപ്പോലൊരു മികച്ച കളിക്കാരൻ ബിബിഎല്ലിൽ കളിക്കുന്നത് പല തലങ്ങളിലും വലിയ കാര്യമാണ്. ബിഗ് ബാഷിലേക്കും ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്കും ഒരുപാട് സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കും,” അദ്ദേഹം പറഞ്ഞു.
കരാർ സംബന്ധിച്ച നിലവിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ബിബിഎൽ ക്ലബ്ബുകൾ അവരുടെ ശമ്പള ബജറ്റിൻ്റെ ഭൂരിഭാഗവും ഇതിനകം ചെലവഴിച്ചു കഴിഞ്ഞതിനാൽ കസ്റ്റമൈസ്ഡ് കരാറുകളും സ്പോൺസർഷിപ്പ് കരാറുകളും പോലുള്ള മറ്റ് വഴികൾ ക്രിക്കറ്റ് ഓസ്ട്രേലിയ തേടുന്നുണ്ട്. കളിക്കാരനെന്ന നിലയിൽ മാത്രമല്ല, പരിശീലകനെന്ന നിലയിലും തൻ്റെ കഴിവുകൾ വികസിപ്പിക്കാൻ ഈ അവസരം അശ്വിൻ ഉപയോഗിച്ചേക്കാം.