രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ 131-3 എന്ന നിലയിൽ നിൽക്കുന്നു. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 248 റൺസ് പിറകിലാണ് കേരളം ഇപ്പോൾ ഉള്ളത്. കേരളം നേരത്തെ വിദർഭയെ 379ന് ഓളൗട്ട് ആക്കിയിരുന്നു.

കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായി. രോഹൻ എസ് കുന്നുമ്മൽ റൺ ഒന്നും എടുക്കാതെ ആണ് പുറത്തായത്. അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്തും പുറത്തായി. രണ്ട് വിക്കറ്റുകളും ദർഷൻ നൽകണ്ടെ ആണ് വീഴ്ത്തിയത്.
സർവതെയും ഇമ്രാനും നല്ല രീതിയിൽ ബാറ്റ് ചെയ്ത് കേരളത്തെ പതിയെ കരകയറ്റി. 93 റൺസിന്റെ കൂട്ടുകെട്ടിനു ശേഷം ഇമ്രാൻ ഔട്ട് ആയി. 37 റൺസ് ആണ് യുവതാരം നേടിയത്.
ഇപ്പോൾ 66 റൺസുമായി സർവതെയും 7 റൺസുമായി സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. സർവതെ 120 പന്തിൽ നിന്നാണ് 66 റൺസ് എടുത്തത്. 10 ബൗണ്ടറികൾ അദ്ദേഹം നേടി.