തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്ക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിൻ്റ് നേടി.

അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷൻ മുന്നിൽക്കണ്ട് അതിവേഗം സ്കോർ ചെയ്ത സൗരാഷ്ട്ര ബാറ്റർമാർ എട്ട് ഓവറിൽ 51 റൺസ് കൂട്ടിച്ചേർത്തു.ഒടുവിൽ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതിനിടയിൽ പ്രേരക് മങ്കാദ് 62ഉം അൻഷ് ഗോസായി പത്തും ധർമ്മേന്ദ്ര സിങ് ജഡേജ അഞ്ചും റൺസ് നേടി പുറത്തായി. പ്രേരകിനെയും അൻഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോൾ എൻ പി ബേസിലാണ് ധർമ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്ദേവ് ഉനദ്ഘട്ട് 11ഉം റൺസ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. ധർമ്മേന്ദ്ര സിങ് ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് രോഹൻ പുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും 16 റൺസെടുത്ത് പുറത്തായി. ഇതിനിടയിൽ ഓപ്പണർ എ കെ ആകർഷ് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. അഞ്ച് റൺസായിരുന്നു ആകർഷ് നേടിയത്.

തുടർന്നെത്തിയ വരുൺ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടർന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 19 റൺസെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാൻ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവിൽ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ പിരിയുകയായിരുന്നു. വരുൺ നായനാർ 66ഉം അഹ്മദ് ഇമ്രാൻ 42ഉം റൺസുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധർമ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോർ – സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്
കേരളം ആദ്യ ഇന്നിങ്സ് 233, രണ്ടാം ഇന്നിങ്സ് മൂന്ന് വിക്കറ്റിന് 154














