ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് ആദ്യ ഇന്നിങ്സിൽ 436 റൺസിന് പുറത്ത്. ഓപ്പണർ ഹർനൂർ സിങ്ങിൻ്റെ ഉജ്ജ്വല സെഞ്ച്വറിയും വാലറ്റക്കാരുടെ ചെറുത്തുനില്പുമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. 170 റൺസെടുത്ത ഹർനൂർ സിങ്ങും 72 റൺസെടുത്ത പ്രേരിത് ദത്തയുമാണ് പഞ്ചാബ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിലാണ്.

ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. ശേഷിക്കുന്ന വിക്കറ്റുകൾ ഉടൻ വീഴ്ത്തി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാമെന്ന കേരളത്തിൻ്റെ പ്രതീക്ഷകൾ പഞ്ചാബിൻ്റെ വാലറ്റക്കാർ തല്ലിക്കെടുത്തി. ഹർനൂർ സിങ്ങും കൃഷ് ഭഗതും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 66 റൺസ് പിറന്നു. 28 റൺസെടുത്ത കൃഷ് ഭഗതിനെ ക്ലീൻ ബൌൾഡാക്കി അങ്കിത് ശർമ്മയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഹർനൂർ സിങ്ങിനെ നിധീഷ് എംഡി ക്ലീൻ ബൌൾഡാക്കി. 170 റൺസെടുത്ത ഹർനൂർ മടങ്ങുമ്പോൾ എട്ട് വിക്കറ്റിന് 312 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.
എന്നാൽ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ പ്രേരിത് ദത്തയും മായങ്ക് മാർക്കണ്ഡെയും ചേർന്ന് നേടിയ 111 റൺസാണ് മത്സരത്തിൽ പഞ്ചാബിന് മേൽക്കൈ നല്കിയത്. കേരള ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സ്കോർ 423ൽ നില്ക്കെ അഹ്മദ് ഇമ്രാനാണ് പ്രേരിത് ദത്തയെ പുറത്താക്കി കൂട്ടുകെട്ടിന് അവസാനമിട്ടത്. 72 റൺസെടുത്ത പ്രേരിത് ക്ലീൻ ബൌൾഡാവുകയായിരുന്നു. നാല് റൺസെടുത്ത ആയുഷ് ഗോയലിനെ അങ്കിത് ശർമ്മയും പുറത്താക്കിയതോടെ പഞ്ചാബിൻ്റെ ഇന്നിങ്സിന് 436ൽ അവസാനമായി. മായങ്ക് മാർക്കണ്ഡെ 48 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാല് വിക്കറ്റും ബേസിൽ എൻ പിയും ബാബ അപരാജിത്തും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി വത്സൽ ഗോവിന്ദും ബേസിൽ എൻ പിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത ബേസിൽ തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും തുടർന്നെത്തിയ അങ്കിത് ശർമ്മയും വത്സൽ ഗോവിന്ദും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസത്തിന് അവസാനമിട്ടു. കളി നിർത്തുമ്പോൾ വത്സൽ ഏഴും അങ്കിത് ശർമ്മ രണ്ടും റൺസുമായി ക്രീസിലുണ്ട്.














