രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടക മികച്ച സ്കോറിലേക്ക്

Newsroom

Picsart 25 11 01 19 20 14 470
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടക ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരുടെ പ്രകടനമാണ് കർണ്ണാടകയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്.

1000313923

ടോസ് നേടിയ കർണ്ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ കർണ്ണാടകത്തെ ഞെട്ടിച്ചു. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാളായിരുന്നു ആദ്യം മടങ്ങിയത്. എം ഡി നിധീഷിൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ക്യാച്ചെടുത്താണ് മായങ്ക് പുറത്തായത്. തൊട്ടു പിറകെ എട്ട് റൺസെടുത്ത ഓപ്പണർ കെ വി അനീഷിനെ ബേസിൽ എൻ പിയും അസറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിൽ തകർച്ചയെ മുന്നിൽക്കണ്ട കർണ്ണാടകയെ കരുൺ നായരും കെ എൽ ശ്രീജിത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും ചേർന്ന് 123 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ കർണ്ണാടകയ്ക്ക് ശ്രീജിത്തിൻ്റെ വിക്കറ്റ് നഷ്ടമായി. 65 റൺസെടുത്ത ശ്രീജിത്, ബാബ അപരാജിത്തിൻ്റെ പന്തിൽ അഹ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ആർ സ്മരൺ കരുൺ നായർക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതിനകം തന്നെ 183 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ചായയ്ക്ക് ശേഷം കളി തുടങ്ങി ഉടൻ തന്നെ കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മല്സരത്തിലും കരുൺ സെഞ്ച്വറി നേടിയിരുന്നു. കളി നിർത്തുമ്പോൾ കരുൺ നായർ 142ഉം സ്മരൺ 88 റൺസുമായി ക്രീസിലുണ്ട്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം കർണ്ണാടകയ്ക്കെതിരെ കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മലിന് പകരം കൃഷ്ണപ്രസാദിനെയും അങ്കിത് ശർമ്മയ്ക്ക് പകരം എം യു ഹരികൃഷ്ണനെയുമാണ് ഉൾപ്പെടുത്തിയത്. വൈശാഖ് ചന്ദ്രനിലൂടെ ഒരു ബൌളറെ കൂടുതലായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.