രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം. അഞ്ചുവർഷത്തിനു ശേഷമാണ് കേരളം ക്വാർട്ടർ കളിക്കുന്നത്.കഴിഞ്ഞ കളിയില്‍ ബിഹാറിനെതിരെ ഉജ്വല വിജയം നേടിയാണ് കേരളം നോക്ക് ഔട്ട് റൌണ്ടില്‍ കടന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയിൻ്റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ബിഹാറിനെതിരെ ഇന്നിങ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മല്സരങ്ങൾ അവസാനിക്കും മുൻപെ തന്നെ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാനായിരുന്നു.
കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൌട്ടിന് യോഗ്യത നേടിയത്. ഏഴ് മല്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒറ്റ മല്സരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല. ബാറ്റിങ് – ബൌളിങ് നിരകൾ അവസരത്തിനൊത്തുയർന്നതാണ് സീസണിൽ കേരളത്തിന് കരുത്തായത്. ഫോമിലുള്ള സൽമാൻ നിസാറിനും, മൊഹമ്മദ് അസറുദ്ദീനുമൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്താണ് കേരളത്തിൻ്റേത്. നിധീഷ് എംഡിയും ബേസിൽ എൻ പിയും,ബേസില്‍ തമ്പിയും ജലജ് സക്സേനയും ആദിത്യ സർവാടെയും അടങ്ങുന്ന പേസ് – സ്പിൻ ബൌളിങ് സഖ്യവും ശക്തം. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം ക്വാർട്ടർ ഫൈനലിനിറങ്ങുന്നത്.
മറുവശത്ത് കേരളത്തെപ്പോലെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരും നോക്കൌട്ടിന് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീര്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചു വിജയം നേടി 35 പോയിൻ്റുമായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ ഞെട്ടിച്ചാണ് കശ്മീരിൻ്റെ വരവ്. ആക്വിബ് നബി, യുദ്ധ്വീർ സിങ്, ഉമർ നസീർ എന്നിവരടങ്ങുന്ന പേസ് ബൌളിങ് നിരയാണ് കശ്മീരിൻ്റെ കരുത്ത്. ബാറ്റിങ് നിരയിൽ ശുഭം ഖജൂരിയ അടക്കമുള്ളവരും ഫോമിലാണ്. അതിനാൽ ക്വാർട്ടറിൽ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മറ്റ് ക്വാർട്ടർ ഫൈനൽ മല്സരങ്ങളിൽ വിദർഭ–-തമിഴ്‌നാടിനെയും, മുംബൈ–-ഹരിയാനയെയും, സൌരാഷ്ട്ര ഗുജറാത്തിനെയുമാണ് നേരിടുക. മത്സരം ജിയോ സിനിമാസില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.