തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 233ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സൌരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.

രണ്ട് വിക്കറ്റിന് 82 റൺസെന്ന നിലയിൽ കളി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന കേരളത്തിന് തുടക്കത്തിൽ തന്നെ അഹ്മദ് ഇമ്രാൻ്റെ വിക്കറ്റ് നഷ്ടമായി.10 റൺസെടുത്ത അഹ്മദ് ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്കോർ 128ൽ നില്ക്കെ രോഹൻ കുന്നുമ്മലും മടങ്ങി. 80 റൺസെടുത്ത രോഹൻ ചിരാഗ് ജാനിയുടെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ റൺസെടുക്കാതെ മടങ്ങി.എന്നാൽ അങ്കിത് ശർമ്മയും ബാബ അപരാജിത്തും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്നുള്ള 78 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.
38 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ധർമ്മേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. വരുൺ നായനാരും ബേസിൽ എൻ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഏദൻ ആപ്പിൾ ടോം നാല് റൺസെടുത്ത് പുറത്തായി. ഒടുവിൽ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 233ൽ അവസാനിച്ചു. 69 റൺസാണ് അപരാജിത് നേടിയത്. സൌരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെൻ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൌരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ഹാർവിക് ദേശായിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത ഹാർവിക്, നിധീഷിൻ്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്താണ് പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗജ്ജർ സമ്മാറും ജയ് ഗോഹിലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂർത്തിയാക്കി. കളി അവസാനിക്കുമ്പോൾ ഗജ്ജർ 20ഉം ജയ് ഗോഹിൽ 22ഉം റൺസും നേടി ക്രീസിലുണ്ട്.














