അഴിമതിക്കാരോടുള്ള പാക് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ത്തി റമീസ് രാജ. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതിയുടെ പേരില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ ഒട്ടനവധിയാണ്. ഇന്ത്യയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല.
അതേ സമയം പാക്കിസ്ഥാനില്‍ മുഹമ്മദ് അമീര്‍ വിലക്ക് കഴിഞ്ഞഅ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്ന സംഭവമുണ്ട്. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വിലക്ക് കഴിഞ്ഞ് വീണ്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെ കളിപ്പിച്ചിരുന്നു.
ബോര്‍ഡിന്റെ ഇത്തരം സമീപനങ്ങളെ വിമര്‍ശിച്ച് പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. അവരില്‍ ഏറ്റവും പുതിയ ആളാണ് റമീസ് രാജ. ഇത്തരം കളങ്കിതരായ കളിക്കാര്‍ പലചരക്ക് കടകളാണ് തുറക്കേണ്ടതെന്നും ക്രിക്കറ്റിലേക്ക് അവരെ മടക്കിക്കൊണ്ടുവരുവാനായി പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്‍ഗണന കൊടുക്കുന്നത് തീരെ ശരിയല്ലെന്നും പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ വ്യക്തമാക്കി.
ഇത്തരം ഇളവുകളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മോശമാക്കിയതെന്ന് റമീസ രാജ പറഞ്ഞു. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇത് ശരിയായ കാര്യമല്ല, ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.