ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്‌സ് 207 റൺസ് വിജയലക്ഷ്യം വെച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 34 പന്തിൽ 53 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് വെറും 16 പന്തിൽ 4 സിക്സറുകൾ ഉൾപ്പെടെ 44 റൺസുമായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ചു.

ജോഷ് ഇംഗ്ലിസ് 12 പന്തിൽ 32 റൺസുമായി അതിവേഗം സ്കോർ ചെയ്തു. എന്നാൽ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നഷ്ടമായത് പഞ്ചാബിന് വലിയ സ്കോറിലേക്ക് എത്തുന്നത് തടഞ്ഞു. പ്രഭ്സിംറാൻ സിംഗ് 18 പന്തിൽ 28 റൺസ് നേടി. വാധേരയ്ക്കും ശശാങ്ക് സിംഗിനും ലഭിച്ച തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല.
ഡൽഹി ക്യാപിറ്റൽസിനുവേണ്ടി മുസ്തഫിസുർ റഹ്മാൻ 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം നടത്തി. യുവതാരം വിപ്രാജ് നിഗം വീണ്ടും രണ്ട് വിക്കറ്റുകൾ നേടി. കുൽദീപ് യാദവ് രണ്ട് നിർണായക വിക്കറ്റുകൾ സ്വന്തമാക്കി.