ബയോ ബബിളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും എന്ന് അറിയിച്ച് പിസിബി. മത്സരങ്ങളെല്ലാം കറാച്ചിയില്‍ ആവും നടക്കുക എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫ്രാഞ്ചൈസികളും ഗവേണിംഗ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയത്.
ഏപ്രിലില്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നതിനാല്‍ തന്നെ ജൂണില്‍ മാത്രമാണ് ചെറിയൊരു ഇടവേള പിഎസ്എലിനായി ലഭ്യമായിട്ടുള്ളത്. ജൂണ്‍ കഴിഞ്ഞ് അധികം വൈകാതെ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ജൂണില്‍ എത്ര വിദേശ താരങ്ങള്‍ പിഎസ്എലില്‍ പങ്കെടുക്കുവാനുണ്ടാകുമെന്നതില്‍ വലിയ വ്യക്തതയില്ല.
20 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംബാബ്‍വേ പര്യടനം കഴിഞ്ഞ് മേയ് 13ന് എത്തുന്ന ടീം ജൂണ്‍ 26ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ഈ കാലയളവിനുള്ളില്‍ ആണ് പിഎസ്എല്‍ നടത്തുവാനുള്ള ജാലകം ബോര്‍ഡ് തിരയുന്നത്.