സമ്മര്‍ദ്ദം അയര്‍ലണ്ടിന് മേല്‍ – ജാക്ക് ലീഷ്

Sports Correspondent

181 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് അവസാന വിക്കറ്റുമായി രണ്ടാം ഇന്നിംഗ്സില്‍ നിലകൊള്ളുമ്പോള്‍ അയര്‍ലണ്ട് ഒരു ചരിത്ര നിമിഷത്തിന് അരികിലാണ് നിലകൊള്ളുന്നത്. എത്രയും വേഗത്തില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി ലക്ഷ്യം മറികടന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ചരിത്ര മുഹൂര്‍ത്തമാവും അത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന്റെ പ്രധാന ശില്പിയായി 92 റണ്‍സ് നേടി പുറത്തായ ജാക്ക് ലീഷ് പറയുന്നത് സമ്മര്‍ദ്ദം അയര്‍ലണ്ടിന് മേലാണെന്നാണ്.

നൈറ്റ് വാച്ച്മാന്‍ ആയാണ് ഒന്നാം ദിവസം ഒരോവര്‍ മറികടക്കുവാനായി ജാക്ക് ലീഷ് ക്രീസിലെത്തുന്നത്. പിന്നീട് ജേസണ്‍ റോയിയുമായി ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ നിലയില്‍ താരം എത്തിച്ചുവെങ്കിലും അയര്‍ലണ്ട് മികച്ച തിരിച്ചുവരവ് നടത്തി വീണ്ടും മത്സരത്തില്‍ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി. രണ്ട് അവസരങ്ങളാണ് അയര്‍ലണ്ട് താരത്തിന് നല്‍കിയത്. അതില്‍ രണ്ടാമത്തെ അവസരം 92ല്‍ തന്നെയായിരുന്നു അതിന് ഒരു പന്ത് ശേഷം താരം പുറത്താകുകയും ചെയ്തു.

സമ്മര്‍ദ്ദം അയര്‍ലണ്ടിന് മേലാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ജാക്ക് ലീഷ് പറയുന്നത്. അവര്‍ ആദ്യമായാവും ഒരു മത്സരം വിജയിക്കുവാന്‍ ഫേവറൈറ്റുകളായി നിലകൊള്ളുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് മേലാവും സമ്മര്‍ദ്ദം. നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടി വരുന്ന സമ്മര്‍ദ്ദം കൂടിയാവുമ്പോള്‍ ഇംഗ്ലണ്ടിന് തന്നെയാണ് മത്സരത്തില്‍ മേല്‍ക്കൈ എന്ന് ലീഷ് പറഞ്ഞു. മികച്ച രീതിയില്‍ പന്തെറിയുക കൂടി ചെയ്താല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കാനാകുമെന്നും ജാക്ക് ലീഷ് വ്യക്തമാക്കി.