ചൊവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സ് ചരിത്രം കുറിച്ചു. വെറും 112 റൺസ് പ്രതിരോധിച്ചു കൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎൽ കണ്ട ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ വിജയങ്ങളിലൊന്ന് അവർ സ്വന്തമാക്കി. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്പിൻ മാന്ത്രികത കണ്ട മത്സരത്തിൽ കെകെആറിനെ 15.1 ഓവറിൽ 95 റൺസിന് ഓൾഔട്ട് ആക്കി പഞ്ചാബ് 16 റൺസിന്റെ അവിശ്വസനീയ വിജയം നേടി.

കളിക്കാരുടെ പോരാട്ടവീര്യത്തിൽ മതിമറന്ന ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ഇത് ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ താൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയമായിരിക്കാം എന്ന് വിശേഷിപ്പിച്ചു. “പാതിവഴിയിൽ, ഞങ്ങൾ ഇത് നേടിയെടുക്കുമെന്ന് ലോകത്ത് അധികം പേർ കരുതിയിരിക്കില്ല. പക്ഷേ, ഞങ്ങൾ പോരാടി. ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയം ഇതായിരിക്കാം” പോണ്ടിംഗ് മത്സരശേഷം പറഞ്ഞു.
“ഇതുപോലുള്ള വിജയങ്ങളാണ് ഏറ്റവും മധുരമുള്ളത്,” പോണ്ടിംഗ് പറഞ്ഞു. നേരിയ തോൽവി സംഭവിച്ചാൽ പോലും ഈ പ്രകടനം “സീസൺ നിർണയിക്കുന്ന ഒന്നായി മാറിയേനെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മത്സരത്തിലൂടെ ഇപ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച ടീം എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കി.