പാക്കിസ്ഥാന്‍ പര്യടനവുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സമായി നില്‍ക്കുന്നത് കളിക്കാരും കോച്ചിംഗ് സ്റ്റാഫുമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. കടുത്ത സുരക്ഷ സൗകര്യങ്ങളുടെ സാഹചര്യത്തില്‍ താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും അതില്‍ വല്ലാത്ത അസൗകര്യം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹസന്‍ പറഞ്ഞു. കളിക്കാരോടും കോച്ചിംഗ് സ്റ്റാഫിനോടും സംസാരിച്ചതിലൂടെ ഇത്തരം ഒരു പര്യടനത്തിനുള്ള സാഹചര്യം ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ഹസന്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് ടി20 മാത്രം കളിക്കാനാണ് താല്പര്യമെന്ന് അവരെ അറിയിച്ച് കഴിഞ്ഞു. അവര്‍ അതിന് അനുമതി നല്‍കിയാല്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങാന്‍ ശ്രമിക്കാം, ഇത് ബോര്‍ഡിന്റെ പ്രശ്നമല്ല, സുരക്ഷയുടെ കാര്യമാണെന്നും സര്‍ക്കാരാണ് അന്തിമ അനുവാദം നല്‍കേണ്ടതെന്നും നസ്മുള്‍ ഹസന്‍ സൂചിപ്പിച്ചു.
സര്‍ക്കാര്‍ അനുമതിയ്ക്ക് പുറമെയുള്ള കാര്യമാണ് കോച്ചിംഗ് സ്റ്റാഫിന്റെയും കളിക്കാരുടെയും സമ്മതമെന്നും നസ്മുള്‍ പറഞ്ഞു. മികച്ചൊരു ടി20 ടീം തങ്ങള്‍ക്ക് രൂപപ്പെടുത്തുവാന്‍ സാധിക്കുമെങ്കില്‍ ടീമിനെ അയയ്ക്കുമെന്നും നസ്മുള്‍ വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.