2020ലെ കരാര്‍ അസാധു, പീറ്റര്‍ സിഡിലിന്റെ എസ്സെക്സ് കരാര്‍ 2021ലേക്ക് മാറ്റി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ മൂലം കൗണ്ടി ക്രിക്കറ്റ് അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ പീറ്റര്‍ സിഡിലിന്റെ കൗണ്ടി കരാര്‍ ഈ വര്‍ഷം റദ്ദാക്കി എസ്സെക്സ്. പകരം താരത്തെ 2021 സീസണില്‍ ടീമില്‍ എത്തിക്കുമെന്നത് സൂചിപ്പിച്ച് കരാര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ പണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കൊറോണ മൂലം ഒട്ടനവധി താരങ്ങളുടെ കരാറുകള്‍ കൗണ്ടി റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ പല താരങ്ങളുടെയും കരാര്‍ റദ്ദാക്കിയത് ആവശ്യമായ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ ചില താരങ്ങളുടെ കരാര്‍ ഈ വര്‍ഷത്തെ റദ്ദാക്കിയെങ്കിലും അടുത്ത വര്‍ഷം സാധുതയുള്ളതാണെന്ന് കൗണ്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണ്‍ കൗണ്ടി കളിക്കാനാകാത്തതില്‍ വിഷമം ഉണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് തനിക്കറിയാമെന്നും. അവര്‍ തനിക്ക് അടുത്ത വര്‍ഷം തിരിച്ചുവരുവാനുള്ള അവസരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സിഡില്‍ അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് സ്ഥിതിഗതികള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് ആകുമെന്നും ക്രിക്കറ്റ് ആരംഭിക്കാനാകുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സിഡില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി യഥാക്രമം 37 വിക്കറ്റും 34 വിക്കറ്റുമാണ് എസ്സെക്സിന് വേണ്ടി താരം നേടിയിട്ടുള്ളത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് പുറമെ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും സിഡില്‍ കളിക്കാനിരുന്നതാണ്. സിഡില്‍ കഴിഞ്ഞാഴ്ച ഇംഗ്ലണ്ടില്‍ എത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അദ്ദേഹത്തെ തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം കാര്യം മനസ്സിലാക്കിയെന്നും എസ്സെക്സ് ചീഫ് എക്സിക്യൂട്ടീവ് ഡെറെക്ക് ബൗഡന്‍ വ്യക്തമാക്കി.