ലോകകപ്പ് നടത്തുവാന്‍ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പം കൺസോര്‍ഷ്യം ഉണ്ടാക്കുവാന്‍ പാക്കിസ്ഥാന്റെ നീക്കം. രണ്ട് ലോകകപ്പുകളാണ് ഇത്തരത്തില്‍ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. ഇത് കൂടാതെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് രണ്ട് ടി20 ലോകകപ്പുകളും സ്വയം രണ്ട് ചാമ്പ്യന്‍സ് ട്രോഫികള്‍ നടത്തുവാനും പാക്കിസ്ഥാന്‍ ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നുണ്ട്.
ആറ് ഗ്ലോബൽ ഇവന്റുകളാണ് പിസിബി അടുത്ത ലോക ക്രിക്കറ്റ് സൈക്കിളിൽ ലക്ഷ്യം വയ്ക്കുന്നത്. ഐസിസിയ്ക്ക് മുന്നിൽ ബിഡ് നടത്തിയെന്നും കൺസോര്‍ഷ്യം രൂപീകരണത്തെക്കുറിച്ചും ഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന് പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി വ്യക്തമാക്കി.
യുഎഇയുമായും പാക്കിസ്ഥാന്‍ ഇത്തരത്തിലുള്ള സഹകരണം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും മാനി സൂചിപ്പിച്ചു. 2027, 2031 ലോകകപ്പുകള്‍ ആണ് കൺസോര്‍ഷ്യത്തിനൊപ്പം നടത്തുവാന്‍ പിസിബിയുടെ ലക്ഷ്യം. 2025, 2029 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഒറ്റയ്ക്ക് നടത്തുവാനും ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നു.