ജൂനിയർ താരങ്ങളെ പരിശീലിപ്പിക്കാനും ടീമുകളെ മാനേജ് ചെയ്യാനും മുൻ താരങ്ങളെ തേടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. രാഹുൽ ദ്രാവിഡ് ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് ലെവലിൽ നടത്തിയ വലിയ മാറ്റങ്ങൾ കണ്ടു പ്രചോദനം ഉൾക്കൊണ്ടാണ് പസിബി ഇങ്ങനെ ഒരു നീക്കം നടത്താൻ ഒരുങ്ങുന്നത്.
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാനെ പാകിസ്ഥാന്റെ അണ്ടർ 19 ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നിയമിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. പാകിസ്താന്റെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരവും ആദ്യമായി 10000 റൺസ് തികക്കുന്ന താരവുമായിരുന്ന യൂനിസ് ഖാൻ കഴിഞ്ഞ വർഷമായിരുന്നു സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. അണ്ടർ 19 ടീമിന്റെ പരിശീലകൻ ആവാൻ യൂനിസ് ഖാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അണ്ടർ 19 ടീമിന്റെ പരിശീലകനെ നിരന്തരം മാറ്റി കൊണ്ടിരിക്കുകയായിരുന്നു പിസിബി. അത് കൊണ്ട് തന്നെ ആ സ്ഥാനത്തേക് വരാൻ മികച്ച പരിശീലകർ ആരും തന്നെ തയ്യാറായിരുന്നില്ല. ഇതിൽ നിന്നും ഒരു മാറ്റവും ആഗ്രഹിച്ചാണ് പിസിബി മുൻ പാകിസ്‌താൻ താരങ്ങളെ നിയമിക്കാൻ ശ്രമിക്കുന്നത്.