മധ്യ നിര ബാറ്റ്സ്മാൻ ഉമർ അക്മലിന് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതിയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ന് തുടങ്ങാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ താരത്തിന് കളിക്കാനാവില്ല. താരത്തിന് പകരം മറ്റൊരു കളിക്കാരനെ സ്വന്തമാക്കാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്വാട്ട ഗ്ലാഡിയേറ്റഴ്‌സിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുവാദം നൽകിയിട്ടുണ്ട്.
അഴിമതി വിരുദ്ധ നിയമത്തിലെ 4.7.1 നിയമം തെറ്റിച്ചതിനാണ് ഉമർ അക്മലിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കിയത്. അതെ സമയം താരം ചെയ്ത കുറ്റം എന്താണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. വിലക്ക് വന്നതോടെ താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ കഴിയില്ല. നേരത്തെ പാകിസ്ഥാൻ താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെ തുണിയുരിഞ്ഞതിന് വിവാദത്തിൽ അകപ്പെട്ട ഉമർ അക്മൽ അന്ന് വിലക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.