വിദേശ കോച്ചുമാരുടെ വേതനം കുറയ്ക്കുന്നത് ആലോചിച്ച് ബംഗ്ലാദേശ്

Sports Correspondent

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കുവാന്‍ വിദേശ കോച്ചുമാരുടെ വേതനം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ആലോചനയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട്. നേരത്തെ മറ്റു ബോര്‍ഡുകളെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണ് ബംഗ്ലാദേശ് എന്നും അതിനാല്‍ തന്നെ വേതനം വെട്ടിച്ചുരുക്കേണ്ട സാഹചര്യം ഇല്ലെന്നും ബംഗ്ലാദേശ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതീക്ഷിക്കുന്നതിലും അധികം സമയം ക്രിക്കറ്റ് വിട്ട് നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം ഉടലെടുത്തപ്പോളാണ് കോച്ചുമാരുടെ വേതനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ബോര്‍ഡ് കടക്കേണ്ടി വരുന്നതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് സൂചിപ്പിച്ചു.

ആറ് മാസത്തോളം ക്രിക്കറ്റ് പുനരാരംഭിക്കാതെ നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ ഇത്തരം കടുത്ത നടപടികളിലേക്ക് ബോര്‍ഡ് പോകേണ്ടി വരുമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ, പേസ് ബൗളിംഗ് കോച്ച് ഓടിസ് ഗിബ്സണ്‍, ഫിസിയോ ജൂലിയന്‍ കാലെഫാറ്റോ, സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ് ഡാനിയേല്‍ വെട്ടോറി, ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സി, ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക് എന്നിവരാണ് ബംഗ്ലാദേശ് ടീമിനൊപ്പമുള്ള വിദേശ കോച്ചുമാര്‍.