ധരംശാലയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ രജത് പടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ ടീമിലേക്ക് എത്തും. പടിക്കലിന് അരങ്ങേറ്റം നൽകാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അവസരം കിട്ടിയിട്ടും പടിദാറിന് തിളങ്ങാൻ ആയിരുന്നില്ല. അതാണ് ടീം പടിക്കലിനെ പരിഗണിക്കാൻ കാരണം. സർഫറാസ് ഖാൻ ടീമിലെ തന്റെ സ്ഥാനം നിലനിർത്തിയേക്കും.

മികച്ച ഫസ്റ്റ് ക്ലാസ് സീസൺ ഫോമുമായി ഇന്ത്യൻ ടീമിൽ എത്തിയ ദേവദത്ത് പടിക്കലിൽ വലിയ പ്രതീക്ഷയാണ് ക്രിക്കറ്റ് ആരാധകർക്ക് ഉള്ളത്. 23 കാരനായ പടിക്കൽ അവസാന രഞ്ജി മത്സരത്തിൽ 151 റൺസ് നേടിയിരുന്നു.
ഈ സീസണിൽ മികച്ച ഫോമിലാണ് പടിക്കൽ. പഞ്ചാബിനെതിരെ 193 റൺസ് നേടിയ അദ്ദേഹം ഗോവക്കെതിരെ 103 റൺസും അടിച്ചിരുന്നു. അത് കൂടാതെ ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ ഇന്ത്യ എയ്ക്ക് വേണ്ടി തൻ്റെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 105, 65, 21 എന്നിങ്ങനെ നല്ല സ്കോറും പടിക്കൽ നേടി.














