ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരം 67 റൺസിന് ജയിച്ച് പാകിസ്ഥാൻ. ഇതോടെ പാകിസ്ഥാനിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ് ജയത്തോടെ ആഘോഷിക്കാൻ പാകിസ്താനായി. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് പാകിസ്ഥാനിൽ ഒരു ഏകദിന മത്സരം നടന്നത്. പരമ്പരയിലെ ആദ്യ ഏകദിനം മഴ മൂലം നഷ്ട്ടപെട്ടിരുന്നു. ശ്രീലങ്കൻ നിരയിൽ ജയസൂര്യയുടെയും ശനകയുടെ പോരാട്ട വീര്യം മറികടന്നാണ് പാകിസ്ഥാൻ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണ് എടുത്തത്. സെഞ്ചുറി നേടിയ ബാബർ അസമിന്റെ പ്രകടനവും അർദ്ധ സെഞ്ചുറി നേടിയ ഫഖർ സമന്റെ പ്രകടനവുമാണ് പാകിസ്ഥാൻ സ്കോർ 300 കടത്തിയത്. തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു വേള 28 റൺസിന് അഞ്ച് വിക്കറ്റ് നഷ്ട്ടപെട്ട വമ്പൻ തോൽവിയെ മുൻപിൽ കണ്ട സമയത്താണ് ജയസൂര്യയും ശനകയും ശ്രീലങ്കയുടെ രക്ഷക്കെത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ഇവരുടെ വിക്കറ്റുകൾക്ക് ശേഷം വെടിക്കെട്ട് പ്രകടനം നടത്തിയ ഡി സിൽവക്കും ശ്രീലങ്കയെ ജയത്തിലെത്തിക്കാനായില്ല.
ജയസൂര്യ 96 റൺസ് എടുത്ത് പുറത്തായപ്പോൾ ശനക 68 റൺസ് എടുത്ത് പുറത്തായി. ഇവർക്ക് ശേഷം വന്ന ഡി സിൽവ 23 പന്തിൽ 30 റൺസ് എടുത്തെങ്കിലും ശ്രീലങ്കൻ ഇന്നിംഗ്സ് 46.5 ഓവറിൽ 238ൽ അവസാനിക്കുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഉസ്മാൻ ഷിൻവാരി അഞ്ച് വിക്കറ്റ് വീഴ്ത്തി.