കഴിഞ്ഞ ദിവസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താന് 48 മണിക്കൂറിന് അകം തന്നെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിനെതിരായ തോൽവി ആണ് പാകിസ്താന് തിരിച്ചടിയായത്. നാലാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചപ്പോൾ ആയിരുന്നു ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ മാത്രമെ സ്ഥാനം നിലനിർത്താൻ ആകുമായിരുന്നുള്ളൂ.
അവസാന ഏകദിനത്തിൽ കിവീസ് മികച്ച പ്രകടനം പുറത്തെടുക്കുകയും പാക്കിസ്ഥാനെ 47 റൺസിന് തോൽപിക്കുകയും ചെയ്തു. ഐസിസി റാങ്കിങ്ങിന്റെ ചരിത്രത്തിലാദ്യമായായിരുന്നു പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്. പക്ഷെ ഇന്നത്തെ തോൽവിയോടെ പാകിസ്താൻ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഓസ്ട്രേലിയ ആണ് ഒന്നാമത് ഉള്ളത്. ഇന്ത്യ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.