പാകിസ്താൻ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 313 റണ്ണിന് പുറത്ത്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ മൂന്നാം സെഷനിൽ എത്തുമ്പോൾ 77.1 ഓവറിലേക്ക് എല്ലാവരും പുറത്തായി കൂടാരം കയറി. അവസാന വിക്കറ്റിൽ പിറന്ന 86 റൺസിന്റെ കൂട്ടുകെട്ട് ആണ് പാകിസ്താനെ 300 കടക്കാൻ സഹായിച്ചത്. പാറ്റ് കമ്മിൻസ് 5 വിക്കറ്റുമായി ഇന്നും ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചു.
ഇന്ന് തുടക്കത്തിൽ തന്നെ പാകിസ്താന് രണ്ട് ഓപ്പണർമാരെയും നഷ്ടമായിരുന്നു. ഓപ്പണർമാരായ ശഫീഖും സെയിം അയ്യൂബും ഡക്കിൽ ആണ് പുറത്തായത്. പിറകെ വന്ന ക്യാപ്റ്റൻ മസൂദും ബാബറും കൂട്ടുകെട്ട് പടുക്കാൻ ശ്രമിച്ചു എങ്കിലും അധികം നീണ്ടു നിന്നല്ല.
മസൂദ് 35 റൺസ് എടുത്തും ബാബർ അസം 26 റൺസ് എടുത്തും പുറത്തായി. ബാബറിന്റെ മോശം ഫോം തുടരുന്നതാണ് ഇന്നും കണ്ടത്.5 റൺസ് എടുത്ത സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്താന് നഷ്ടമായി. അതിനു ശേഷം അഖ സൽമാനും റിസുവാനും ആണ് പാകിസ്താനെ 200 കടത്തിയത് 88 റൺസുമായി റിസുവാനും 53 റൺസുമായി അഖ സൽമാനും മികച്ചു നിന്നു. അവസാന വിക്കറ്റിൽ അമെർ ജമാലും മിർ ഹംസയും ചേർന്ന് 86 റൺസ് ചേർത്ത് പാകിസ്താനെ 300 കടക്കാൻ സഹായിച്ചു.
ജമാൽ ഒമ്പതാമനായി ഇറങ്ങി 97 പന്തിൽ 82 റൺസ് എടുത്തു. 9 ഫോറും 4 സിക്സും ജമാൽ അടിച്ചു. അദ്ദേഹത്തിന് പിന്തുണ നൽകിയ മിർ ഹംസ 43 പന്തിൽ 7 റൺസും എടുത്തു.
ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് 5 വിക്കറ്റും സ്റ്റാർക്, 2 വിക്കറ്റും വീഴ്ത്തി. മാർഷ്, ഹേസല്വുഡ്, ലിയോൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.