ദുബായിൽ സെപ്റ്റംബർ 14ന് നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ശക്തമായ മുന്നറിയിപ്പുമായി പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ. ഏത് ടീമിനെയും തോൽപ്പിക്കാൻ തങ്ങൾ ശക്തരാണെന്ന് ആഗ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. ഒമാനെതിരെ 93 റൺസിന്റെ തകർപ്പൻ വിജയം നേടിയ ശേഷമാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

കഴിഞ്ഞ മാസങ്ങളിൽ നേടിയ ത്രിരാഷ്ട്ര പരമ്പര വിജയവും ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനവും ചൂണ്ടിക്കാട്ടി, ടീം മികച്ച ഫോമിലാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ പ്ലാനുകൾ കൃത്യമായി നടപ്പാക്കുകയാണെങ്കിൽ ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും,” ആഗ വ്യക്തമാക്കി.
ഈ ആത്മവിശ്വാസം പാകിസ്താൻ ക്യാമ്പിൽ നിറഞ്ഞുനിൽക്കുമ്പോഴും, ചരിത്രം ഇന്ത്യക്ക് അനുകൂലമാണ്. സമീപകാലത്ത് നടന്ന 13 ടി20 മത്സരങ്ങളിൽ 10 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്.