ഫ്ലൈറ്റുകള്‍ സസ്പെന്‍ഡ് ചെയ്തു, പാക്കിസ്ഥാന്റെ സിംബാബ്‍വേ ടൂര്‍ അവസാനിപ്പിച്ച് പാക്കിസ്ഥാന്‍

Sports Correspondent

ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 28 വരെ ഹരാരെ – ദുബായ് സെക്ടറിലെ ഫ്ലൈറ്റുകള്‍ നിര്‍ത്തലാക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചതിനെത്തുടര്‍ന്ന് തങ്ങളുടെ വനിത താരങ്ങളുടെ സിംബാബ്‍വേ പര്യടനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇരു ബോര്‍ഡുകളും സംയുക്തമായി എടുത്ത തീരുമാനമാണെന്ന് പിസിബി അറിയിച്ചു. ടീം നാട്ടിലേക്ക് ഫെബ്രുവരി 12ന് മടങ്ങുമെന്നാണ് അറിയുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമായിരുന്നു ടീമുകള്‍ കളിക്കേണ്ടിയിരുന്നത്. 2021 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പായിരുന്നു ഇതെന്നും എന്നാല്‍ എമിറേറ്റ്സ് എയര്‍വേസിന്റെ ഈ തീരുമാനത്തെത്തുടര്‍ന്ന് ടീമംഗങ്ങളെ ഉടനടി നാട്ടിലെത്തിക്കേണ്ട സാഹചര്യം ഉണ്ടായെന്നും ബോര്‍ഡ് അറിയിച്ചു.

സിംബാബ്‍വേ ക്രിക്കറ്റ് അസോസ്സിയേഷന്‍ നടപ്പിലാക്കിയ സജ്ജീകരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതൊരു കടുത്ത തീരുമാനം ആയിരുന്നുവെന്നും പിസിബി ചീഫ് വസീം ഖാന്‍ അറിയിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 178 റണ്‍സിന്റെ വിജയം പാക്കിസ്ഥാന്‍ നേടിയിരുന്നു.

ആദ്യ ഏകദിനത്തില്‍ ജവേരിയ ഖാന്റെയും(81) ആലിയ റിയാസിന്റെയും(74) മികവില്‍ പാക്കിസ്ഥാന്‍ 255/6 എന്ന സ്കോര്‍ നേടിയ ശേഷം സിംബാബ്‍വേയെ 77 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.