ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ന് ആതിഥേയത്വം വഹിക്കുന്നത് വഴി പാകിസ്താന് സാമ്പത്തിക നഷ്‌ടമുണ്ടായെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തള്ളിക്കളഞ്ഞു, ഏകദേശം ₹86 കോടി (10 ദശലക്ഷം യുഎസ് ഡോളർ) ലാഭം നേടിയെന്ന് പി സി ബി പ്രസ്താവിച്ചു. പിസിബി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ടൂർണമെൻ്റിൻ്റെ എല്ലാ ചെലവുകളും ഐസിസി ആണ് വഹിക്കുന്നത്. അതേസമയം അധിക വരുമാനം ടിക്കറ്റ് വിൽപ്പനയിൽ നിന്നും ഗേറ്റ് മണിയിൽ നിന്നുമാണ് ലഭിച്ചത് എന്നും അവർ പറയുന്നു.

ബോർഡ് തുടക്കത്തിൽ 65 കോടി ഉണ്ടാക്കാൻ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ലാഭം പ്രതീക്ഷകൾ കവിഞ്ഞു. സാമ്പത്തിക ഓഡിറ്റിന് ശേഷം, ഐസിസിയിൽ നിന്ന് മറ്റൊരു 61 കോടി രൂപ പ്രതീക്ഷിക്കുന്നു എന്ന് പി സി ബി പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിൽ 40% വർധനയും പിസിബി റിപ്പോർട്ട് ചെയ്തു, ഇത് 310 കോടി രൂപയിൽ എത്തി, ആഗോളതലത്തിൽ ഏറ്റവും സമ്പന്നമായ മൂന്ന് ക്രിക്കറ്റ് ബോർഡുകളിൽ ഒന്നായി പി സി ബി മാറി.
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ പ്രധാന സ്റ്റേഡിയം നവീകരണത്തിന് 400 കോടിയോളം രൂപ ചെലവിട്ടെങ്കിലും ഫണ്ട് കാര്യക്ഷമമായാണ് കൈകാര്യം ചെയ്തത് എന്ന് പിസിബി പറഞ്ഞു.