പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആഖിബ് ജാവേദിനെ ചാമ്പ്യൻസ് ട്രോഫി 2025 വരെയുള്ള അവരുടെ വൈറ്റ്-ബോൾ ടീമുകളുടെ ഇടക്കാല മുഖ്യ പരിശീലകനായി നിയമിച്ചു. ജേസൺ ഗില്ലെസ്പിയെ മാറ്റി ജാവേദ് ഈ നിർണായക കാലയളവിൽ ഏകദിന, ടി20 ഐ ടീമുകളുടെ മേൽനോട്ടം വഹിക്കും. പരിശീലക ചുമതലകൾ കൂടാതെ, പുരുഷ ദേശീയ സെലക്ഷൻ കമ്മിറ്റിയിലെ മുതിർന്ന അംഗമായും ജാവേദ് തുടരും.
ടി20 ലോകകപ്പ് പരാജയത്തിന് ശേഷം ഗാരി കിർസ്റ്റൻ വൈറ്റ് ബോൾ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ഗാരി കിർസ്റ്റന്റെ അഭാവത്തിൽ താൽക്കാലികമായി വൈറ്റ് ബോൾ ടീമിനെ പരിശീലിപ്പിച്ച ഗില്ലസ്പി ഇനി ടെസ്റ്റ് പരിശീലകനായി മാത്രം തുടരും. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം സ്ഥിരം പരിശീലകനെ നിശ്ചയിക്കാനാണ് പിസിബി പദ്ധതിയിടുന്നത്.