ആദ്യ ടി20യില്‍ പാക്കിസ്ഥാന് അവസാന ഓവര്‍ വിജയം, പുറത്താകാതെ 74 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പാക്കി മുഹമ്മദ് റിസ്വാന്‍

Rizwanhassan
- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെയാണ് പാക്കിസ്ഥാന്‍ മറികടന്നത്.

അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് ഫഹീം അഷ്റഫിനെ ആ ഓവറില്‍ നഷ്ടമായി. താരം 14 പന്തില്‍ 30 റണ്‍സാണ് നേടിയത്. ആദ്യ പന്തില്‍ ഫഹീം നല്‍കിയ അവസരം ദക്ഷിണാഫ്രിക്ക കൈവിടുകയും രണ്ട് റണ്‍സും വഴങ്ങുകയായിരുന്നു. ഫഹീം പുറത്തായ ശേഷം എത്തിയ ഹസന്‍ അലി അടുത്ത മൂന്ന് പന്തില്‍ നിന്ന് 9 റണ്‍സ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ പാക്കിസ്ഥാന്‍ 4 വിക്കറ്റ് വിജയം നേടി.

ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത മുഹമ്മദ് റിസ്വാന്‍ ആണ് 50 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സ് നേടി ടീമിന്റെ വിജയ ശില്പിയായത്. ഫകര്‍ സമന്‍(27) ആണ് മറ്റൊരു പ്രധാന സ്കോറര്‍. 132/5 എന്ന നിലയില്‍ നിന്ന് 48 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുമായി റിസ്വാന്‍ – അഷ്റഫ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ വിജയം സാധ്യമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്നും തബ്രൈസ് ഷംസി രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡന്‍ മാര്‍ക്രം(32 പന്തില്‍ 51), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(28 പന്തില്‍ 50), പീറ്റ് വാന്‍ ബില്‍ജോന്‍(34) എന്നിവരാണ് തിളങ്ങിയത്. അവരുടെ മികവില്‍ ടീം 188/6 എന്ന സ്കോര്‍ നേടുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസും ഹസന്‍ അലിയും രണ്ട് വിക്കറ്റ് നേടി.

Advertisement